കണ്ണൂര്‍: ഗുരുതര ആരോപണവുമായി പി.കെ രാഗേഷ് വീണ്ടും രംഗത്ത്. കണ്ണൂര്‍ മേയര്‍ ആയിരിക്കുന്ന ടി.ഒ മോഹനന്‍, കെ. പ്രമോദ് എന്നിവര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായും രാഗേഷ് വ്യക്തമാക്കി. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും കെ. സുധാകരനെതിരെയും രാഗേഷ് തുറന്നടിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയതിന് പിന്നില്‍ കോണ്‍ഗ്രസിലെ കോക്കസ് എന്ന് പി.കെ രാഗേഷ്. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തന്നെ പുറത്താക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം. എന്നാല്‍ പള്ളിക്കുന്നിലെ പരാജയമല്ല വിഷയം മറിച്ച് എന്നെ പുറത്താക്കുക എന്നതായിരുന്നു അജണ്ട. ബാങ്ക് തെരഞ്ഞെടുപ്പ് ഇതിന് മറയാക്കിയെന്ന് മാത്രം. തന്നെ പുറത്താക്കുക എന്നത് മേയര്‍ ടി.ഒ മോഹനന്‍, കെ. പ്രമോദ് എന്നീ നേതാക്കളുടെ താല്‍പര്യമാണ്. അതിന് വേണ്ടി അവര്‍ ഗൂഢാലോചന നടത്തി. ഒരാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും പാര്‍ട്ടി പാലിച്ചിട്ടില്ല. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കും. ഇനിയും കോണ്‍ഗ്രസുകാരനായി തന്നെ തുടരും. അതിന് ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സിക്ക് നാണമുണ്ടെങ്കില്‍ പരാജയം ഏറ്റെടുത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ ഭാരവാഹികളും സ്വയം രാജിവച്ച് കഴിവും തന്റേടവുമുള്ളവരുടെ കൈകളില്‍ ഡി.സി.സി നേതൃത്വം എല്‍പ്പിക്കണം. കണ്ണൂര്‍ ഡി.സി.സിയെ നയിക്കുന്നത് ഉപജാപ സംഘമാണ്. കരുത്തന്മാരും പാര്‍ട്ടിയോട് സ്നേഹമുള്ളവരും ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. ഡി.സി.സിയെ പുറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി സമാന ചിന്തയുള്ളവരെ യോജിപ്പിച്ച് പ്രവര്‍ത്തിക്കും. മമ്പറം ദിവാകരന്‍ ഉള്‍പ്പെടെ ഉള്ളവരുമായി ഇതുമായി സംസാരിച്ചു. കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ല. എന്നോട് രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പി.കെ രാഗേഷ് പറഞ്ഞു. കണ്ണൂര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടായെന്നും രാഗേഷ് പറഞ്ഞു. തനിക്ക് 11 വോട്ടും ടി.ഒ മോഹനന് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ വോട്ടെണ്ണുമ്പോള്‍ അട്ടിമറി നടത്തി. ഇതിനെതിരേ കെ. സുധാകരന് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ല. പള്ളിക്കുന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസം മേയര്‍ ഉള്‍പ്പെടെ ഇടപെട്ട് 15 ഓളം ഗുണ്ടകളെ കണ്ണൂരിലെ ഹോട്ടലില്‍ താമസിപ്പിച്ചുവെന്നും പി.കെ രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.വി പ്രദീപ് കുമാര്‍, ചേറ്റൂര്‍ രാജേഷ് എന്നിവരും പങ്കെടുത്തു.