മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്.
ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.