പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ഡെല്‍ഹിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ ഏറെ നാളായി ബിജെപിയോട് ഒട്ടി നിന്നായിരുന്നു പിസി ജോര്‍ജിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്റെ ലക്ഷ്യം. പലകുറി സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തി. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.