ഓണ്‍ലൈന്‍ ട്രെയിഡിങ് തര്‍ക്കത്തില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അശോകന്, ശരവണന് എന്നിവരാണ് അറസ്റ്റിലായത്. അശോകന് രണ്ട് കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈന്‍ ട്രെയിഡിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.
പേട്ട ആനയറയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മധു മോഹന്‍ എന്നയാളെയാണ് പണത്തിനായി തട്ടിക്കൊണ്ടുപോയത്.ഇയാള്‍ ഓണ്‍ലൈന്‍ ട്രെയിഡിങ് നടത്തിയിരുന്നതായാണ് വിവരം. ഓണ്‍ലൈന്‍ ട്രെയിഡിങിനായി തമിഴ്നാട്ടിലെ ഗുണ്ടാ നേതാവ് മധു മോഹന്‍ പണം നല്‍കിയിരുന്നുവെന്നും ഈ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. പണം തിരികെ നല്‍കാത്തതോടെ മധു മോഹനെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.