ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വനിതാ പോലീസുകാരിയെ ട്രെയിനില്‍വെച്ച് ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഇയാളുടെ കൂട്ടാളികളായ ആസാദ്, വിശംബര്‍ ദയാല്‍ ദുബെ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പോലീസും ലഖ്‌നൗ സ്‌പെഷ്യല്‍ ടാസ്ക് ഫോഴ്‌സും ചേര്‍ന്ന് ഇനായത്ത് മേഖലയില്‍ രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിയേറ്റാണ് അനീഷ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഓഗസ്റ്റ് 30-നാണ് സരയു എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പോലീസുകാരിക്ക് നേരേ അയോധ്യ സ്റ്റേഷന് സമീപത്തുവെച്ച് ആക്രമണമുണ്ടായത്. തലയിലും മുഖത്തും മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പോലീസുകാരിയെ കംപാര്‍ട്ട്‌മെന്റില്‍ റെയില്‍വേ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.