കണ്ണൂര്‍: പള്ളിയുടെ പണം തട്ടിയെടുത്തന്ന പരാതിയില്‍ ലീഗ് നേതാവില്‍ നിന്നും ഒന്നര കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ് നിര്‍ദേശം. ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി താഹിറില്‍ നിന്നാണ് പണം ഈടാക്കുക. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും വഖഫ് ബോര്‍ഡ് ശിപാര്‍ശ ചെയ്തു. കണ്ണൂര്‍ പുറത്തീല്‍ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. 2010-15 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവില്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു താഹിര്‍. 2015ല്‍ വന്ന പുതിയ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തുകയും താഹിറിന് പണം നഷ്ടപ്പെട്ടതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താഹിറിനെ റിമാന്‍ഡ് ചെയ്തിരുന്നു. ലീഗിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല. അന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു താഹിര്‍.
ഇയാള്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പള്ളിക്കമ്മിറ്റി വഖഫ് ബോര്‍ഡിനെ സമീപിച്ചു. വഖഫ് ബോര്‍ഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് താഹിറില്‍ നിന്ന് തുക ഈടാക്കാന്‍ ഉത്തരവിട്ടത്. തുക ഈടാക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കും. ജൂണ്‍ ആറിന് ചേര്‍ന്ന സംസ്ഥാന വഖഫ് ബോര്‍ഡ് യോഗത്തിലാണ് താഹിറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്. സംഭവത്തില്‍ താഹിറിനോട് പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.