കേരളത്തിലെ നിപ രോഗത്തിന്റെ പശ്ചാത്തലത്തിൽ കേരള – കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ സർവയ്ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകി. കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂർ, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ പനി നിരീക്ഷണം ശക്തമാക്കാനും കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിപയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ ബോധവൽക്കരണപരിപാടികളും നിപ ലക്ഷണങ്ങൾ തിരിച്ചറിയാനും ഐസൊലേഷനിൽ ആക്കാനും പിഎച്ച്സി തലത്തിൽ വരെ പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു മൃഗഡോക്ടറെ അടക്കം ഉൾപ്പെടുത്തി എല്ലാ അതിർത്തി ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.