ദർശന പുണ്യമായി ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാരീപൂജ ചടങ്ങ് നടന്നു. സ്ത്രീകളെ സദ് ദേവതാ സങ്കല്‍പ്പമായി കരുതി ആചര വിധിപ്രകാരം പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ദേവിക്ക് അഭിമുഖമായി ഇരുത്തി പാദം കഴുകി പൂജിക്കുന്ന ചടങ്ങിനാണ് ചക്കുളത്തുകാവ് ക്ഷേത്രം സാക്ഷ്യം വഹിച്ചത്. സ്ത്രീകളിൽ ദൈവാംശം കല്പിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ പവിത്രമായ ആചാരം ദർശിക്കാനും പങ്കെടുക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്ത്രീ ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. പുലർച്ചെ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ ചടങ്ങ് ആരംഭിച്ചു. നൂറാം വയസ്സിൽ കന്നിമാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി പൂജിച്ചാണ് നാരീപൂജ ഉദ്ഘാടനം ചെയ്തത്. പേരക്കുട്ടി അവന്തികയ്ക്ക് ഒപ്പമാണ്ണ് പാറുക്കുട്ടിയമ്മ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു.
നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഡി വിജയകുമാർ, മീഡിയ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ നേതൃത്വംനൽകി.
27 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന്
കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി നേതൃത്വം നൽകും. സമാപന ദിവസമായ 28 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.