തിരു: മുഖ്യമന്ത്രിയുടെ മകള്‍ അടക്കം ഉള്‍പ്പെട്ട മാസപ്പടി വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാതെ വാര്‍ത്താസമ്മേളനത്തില്‍ നിന്നു ഇറങ്ങി പോയി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആദായ നികുതി വകുപ്പ് കണ്ടെത്തലില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ പ്രത്യക്ഷത്തിലില്ലെങ്കിലും കഴിഞ്ഞ ദിവസം വീണയെ ന്യായീകരിച്ചു എം.വി ഗോവിന്ദന് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇന്നു രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിഷയത്തില്‍ സംസാരിക്കവെ മാസപടി വിവാദത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം തുടങ്ങിയപ്പോള്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, എന്‍എസ് എസ് ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സിപിഎമ്മിന് എന്‍എസ്എസിനോട് പിണക്കമില്ലെന്ന മറുപടി അദ്ദേഹം പറഞ്ഞു.