മുറിക്കുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും ഭിന്ന ശേഷിക്കാരനായ മകനും മരിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയിൽ മകം വീട്ടിൽ പരേതനായ മണിയുടെ ഭാര്യ ശോഭ (60), മകൻ മഹേഷ് (33) എന്നിവരാണ് മരിച്ചത്.റോഡിലൂടെ പോയ അമീർ എന്ന യുവാവാണ് ഇവരുടെ മുറിക്കുളളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.ഉടൻ തന്നെ ഇദ്ദേഹം മറ്റുള്ളവരെ വിളിച്ചു കൂട്ടി. ഈ സമയം ഇവിടെയെത്തിയ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തുറന്നു കിടക്കുകയായിരുന്ന മുൻവാതിലിലൂടെ അകത്തു കയറിയപ്പോൾ മുറിയിൽ മണ്ണെണ്ണയൊഴിച്ച് തീ കത്തിയ നിലയിലായിരുന്നു ഇരുവരും.ഉടൻ തന്നെ 108 ആംബുലൻസിൽ ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു.ഉച്ചയോടെ മഹേഷും വൈകിട്ടോടെ ശോഭയും മരിച്ചു. ആത്മഹത്യാ ശ്രമമാണെന്നാണ് സൂചന.