തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോഡി പ്രസംഗം ആരംഭിച്ചത്. മന്നത്ത് പത്മനാഭന്റെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുകയാണെന്ന് മോഡി പറഞ്ഞു. കാശിയിൽ നിന്നു വരുന്ന താന്‍ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണ്. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോഡി പറഞ്ഞു. മൊഴിമാറ്റിയുള്ള പ്രസംഗത്തിനുശേഷം ഓരോ തവണയും പ്രസംഗം ആരംഭിക്കുമ്പോഴും മോഡി കേരളത്തിലെ അമ്മമാരെ, സഹോദരിമാരെയെന്ന് മലയാളത്തില്‍ അഭിസംബോധനം ചെയ്തു.
അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളമെന്ന് മോഡി പറഞ്ഞു. എവി. കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജ്ജം ചെറുതല്ല. കാർത്യായനിയമ്മ, ഭാഗീരഥിയമ്മയും വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ല എന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നാഞ്ചിയമ്മ ദേശീയ പുരസ്കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്റെ സംഭാവനയാണ്.
എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനം. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്.10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്.12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി. പ്രധാനമന്ത്രി വിശ്വകർമ്യോജനയിലൂടെ സ്ത്രീകൾക്ക് ഉന്നമനം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സൗകര്യം എന്നിവയെല്ലാം മോദിയുടെ ഗ്യാരണ്ടിയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ പ്രസംഗത്തിനൊപ്പം മലയാളത്തിൽ മോദിയുടെ ഗ്യാരണ്ടി എന്ന് സദസും ഏറ്റുപറഞ്ഞു.
കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്.
പി ടി ഉഷ, മിന്നു മണി തുടങ്ങിയവർ വേദിയിലുണ്ട്. ഇതിനൊപ്പം തന്നെ പെൻഷൻ പ്രശ്നത്തിലൂടെ ശ്രദ്ധ നേടിയ മറിയക്കുട്ടിയും വേദിയിലെത്തി.
മോദിക്കൊപ്പം സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി . ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ റോഡ് മാർഗമാണ് എത്തിയത്. ഇതിന് ശേഷമാണ് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ മോദിയുടെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ.അനിൽ ആന്റണി, പി കെ കൃഷ്ണദാസ്, രാധാ മോഹൻ അഗർവാൾ, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ വേദിയിലെത്തി.