ലോകമെമ്പാടും ജന്തുജന്യ രോഗങ്ങൾകൊണ്ടുള്ള ഭീഷണി വർദ്ധിച്ചുവരികയാണെന്ന് മന്ത്രി ചിഞ്ചുറാണി. ആരോഗ്യമുള്ള ഒരു മാനവരാശിക്ക് ആരോഗ്യമുള്ള ഒരു ആവാസവ്യവസ്ഥ കൂടിയേ തീരൂ. പൊതുജനാരോഗ്യസംരക്ഷണം ഫലപ്രദമാകണമെങ്കിൽ പരിസ്ഥിതി, വനം, വന്യജീവി, മൃഗാരോഗ്യം തുടങ്ങിയ മേഖലകളുടെ സംരക്ഷണവും ഫലപ്രദമാകണം. ഇതിനുള്ള ഏകമാർഗ്ഗം “ഏകാരോഗ്യം” എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിലൂടെ പൊതുജനാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ്.നിപയുടെ നാലാം വരവിനെ സമഗ്രമായ പ്രതിരോധ സംവിധാനത്തോടെ തടുത്തു നിർത്താൻ നമുക്ക് കഴിഞ്ഞിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെ അശ്രാന്തപരിശ്രമമാണ് രോഗവ്യാപനം തടഞ്ഞ് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.