നടിയും മുൻ എംപിയുമായ ജയപ്രദയുടെ ആറ് മാസം തടവ് റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി . ചെന്നൈ എഗ്മോർ കോടതിയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ജയപ്രദയ്ക്ക് തടവ് വിധിച്ചത്. തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഉത്തരവ്. ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്ക്കാത്തതിനാലാണ് ശിക്ഷ വിധിച്ചത്.ചെന്നൈ എഗ്മോർ കോടതിയില്‍ നേരിട്ട് ഹാജറാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനിടെ 20 ലക്ഷം കെട്ടിവച്ചാൽ മാത്രം ജാമ്യം നല്‍കാം എന്ന ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. നേരത്തെ എഗ്മോര്‍ കോടതി ഉത്തരവിന് പിന്നാലെ ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹിന്ദിയിലും തെലുങ്കിലും ഒരുകാലത്ത് മിന്നിത്തിളങ്ങിയ താരമായിരുന്നു ജയപ്രദ. മികച്ച നടിക്കുള്ള നന്തി അവാര്‍ഡും ജയപ്രദയ്ക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാല്‍ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളായ ‘ദേവദൂതനി’ലും ‘പ്രണയ’ത്തിലും ഒരു പ്രധാന വേഷത്തില്‍ ജയപ്രദയുണ്ടായിരുന്നു. മലയാളത്തില്‍ ‘കിണര്‍’ എന്ന ചിത്രത്തിലാണ് ഒടുവില്‍ ജയപ്രദ വേഷമിട്ടത്.