ലുലു മാളിലെ പാക് പതാക വിവാദത്തിൽ കർണാടകയിലെ ബിജെപി പ്രവർത്തകയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി മീഡിയസെൽ പ്രവർത്തക ശകുന്തള നടരാജിനെതിരെയാണ് ജയനഗർ പോലീസ് കേസെടുത്തിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ സംഭവത്തെക്കുറിച്ച് പോസ്റ്റ് പങ്കു വച്ചതിനാണ് കേസ്.പാക് പതാക വലുതായി തോന്നുന്ന ചിത്രം പങ്കുവെച്ച് നിങ്ങൾക്ക് കോമൺസെൻസ് ഇല്ലേയെന്നും ഇന്ത്യൻ പതാകയ്ക്ക് മുകളിൽ ഒരു പതാകയും പറക്കാൻ പാടില്ലെന്നുമായിരുന്നു ശകുന്തളയുടെ കുറിപ്പ്. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ലുലമാളിനെതിരെ ബഹിഷ്‌കരണാഹ്വാനത്തിനുള്ള ഹാഷ്ടാഗുൾപ്പടെയായിരുന്നു പോസ്റ്റ്. കേസ് എടുത്തതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.