കണ്ണൂര്‍ സർവകലാശാല സാഹിത്യോത്സവത്തില്‍ സിപിഎം മയമെന്ന് ആക്ഷേപം. സർവകലാശാല ഫണ്ട് ചെലവിടുന്ന പരിപാടിക്ക് സിപിഎം നേതാക്കളെയും സഹയാത്രികരെയും മാത്രം ക്ഷണിച്ചെന്നാണ് കെഎസ്‍യുവിന്‍റെ പ്രധാന ആരോപണം. .
മൂന്ന് ദിവസം നീളുന്നതാണ് സര്‍വകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം പരിപാടി. അറുപതോളം സെഷനുകളിൽ നിരവധി പ്രമുഖരാണ് അതിഥികളായി പങ്കെടുക്കുന്നത്. പികെ ശ്രീമതിയും പി ജയരാജനും എം സ്വരാജും മുതൽ ജെയ്ക് സി തോമസ് വരെയുള്ള സിപിഎം നേതാക്കളുടെ നീണ്ട നിരയാണ് ഇതിലുള്ളത്. എന്നാൽ കണ്ണൂരിന്‍റെ വികസനം വിഷയമാകുന്ന സെഷനിൽ പോലും സ്ഥലം എംപി കെ സുധാകരനോ കോൺഗ്രസുകാരനായ കണ്ണൂര്‍ മേയറോ ഇല്ലെന്നും കെഎസ് യു ആരോപിക്കുന്നു.സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് പോലും പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളെ ക്ഷണിച്ചില്ലെന്നും ഇവര്‍ പരാതി ഉന്നയിച്ചു. ടി പത്മനാഭൻ ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവത്തിന്‍റെ സമാപന ചടങ്ങിൽ ഉദയനിധി സ്റ്റാലിനാണ് മുഖ്യാതിഥി.