പുല്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ.അബ്രഹാം അഴിക്കുള്ളിലായി. ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് കെ.കെ. അബ്രഹാമിനെ റിമാന്‍ഡ് ചെയ്തത്. ബാങ്ക് മുന്‍ സെക്രട്ടറി കെ.ടി. രമാദേവിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞദിവസമാണ് അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നുമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍നിന്നുമാണ് അബ്രഹാമിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. കേളക്കവല ചെമ്പകമൂലയിലെ കര്ഷകന് കിഴക്കേഇടയിലത്ത് രാജേന്ദ്രന് നായരുടെ(55) ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് അബ്രഹാമിനും രമാദേവിക്കും എതിരായ പോലീസ് നടപടി.
ബാങ്കില്‍ മുന്‍ ഭരണസമിതിയുടെ കാലത്തു നടന്ന വായ്പ ഇടപാടുമായി ബന്ധപ്പെട്ടു പുല്പള്ളി സ്വദേശി ഡാനിയേല്‍ നല്കിയ പരാതിയില്‍ 2022 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് അബ്രഹാമും രമാദേവിയും. പുല്പള്ളി സ്വദേശി കൊല്ലപ്പള്ളി സജീവനും ഈ കേസില്‍ പ്രതിയായാണ്. അനുവദിച്ച വായ്പ തുക നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ഡാനിയേലിന്റെ പരാതിയില്‍.
ബുധനാഴ്ച രാവിലെയാണ് പോലീസ് രമാദേവിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയത്. വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അബ്രഹാമിനെ പോലീസ് സ്റ്റേഷനു സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിച്ചത്. നില മെച്ചപ്പെടാത്ത സാഹചര്യത്തില്‍ പുലര്‍ച്ചെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. പിന്നീട് കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്കും ഉച്ചകഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു.
പുല്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ അബ്രഹാം ഭരണസമിതി പ്രസിഡന്റായിരുന്ന കാലയളവില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ടതിന്റെ മനോവേദനയിലാണ് രാജേന്ദ്രന് നായര്‍ ജീവനൊടുക്കിയതെന്നു ആരോപണം ഉയര്‍ന്നിരുന്നു. ഏകദേശം 35 ലക്ഷം രൂപയാണ് ബാങ്കില്‍ രാജേന്ദ്രന് നായര്‍ക്കു ബാധ്യത. എന്നാല്‍ 2018ല്‍ അദ്ദേഹം 73,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
രാജേന്ദ്രന്‍നായരുടെ മരണത്തിനു മുഖ്യ ഉത്തരവാദി ബാങ്ക് മുന്‍ പ്രസിഡന്റ് അബ്രഹാമാണെന്നാണ് ഇടതു പാര്‍ട്ടികളുടേതടക്കം ആരോപണം. ബാങ്കില്‍ മുന്‍ ഭരരണ സമിതിയുടെ കാലത്തു നടന്ന വായ്പ തട്ടിപ്പു സംബന്ധിച്ച വിജിലന്‍സ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടര്‍മാരും ജീവനക്കാരില്‍ ചിലരും അടക്കം 10 പ്രതികളുള്ള കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.