ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ഇടതുമുന്നണിയിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് എം. കോട്ടയത്തിനു പുറമേ രണ്ട് സീറ്റുകൾ അധികമായി വേണമെന്ന ആവശ്യം ഇടതുമുന്നണി യോഗത്തിൽ ഉന്നയിക്കാൻ ഇന്നലെ കോട്ടയത്ത് ചേർന്ന പാർട്ടി ഹൈപ്പവർ കമ്മിറ്റി യോഗത്തിൽ ധാരണയായി. കൂടുതൽ സീറ്റ് കിട്ടാൻ കേരള കോൺഗ്രസിന് യോഗ്യതയുണ്ടെന്ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.സിറ്റിങ്ങ് സീറ്റായ കോട്ടയം കേരള കോൺഗ്രസ് എമ്മിന് തന്നെയെന്ന് നേരത്തെ സിപിഎം ഉറപ്പു കൊടുത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇതിനു പുറമേ ഒരു സീറ്റ് കൂടി നൽകാൻ ഇടതുമുന്നണി തയ്യാറാകും എന്ന പ്രതീക്ഷയിലാണ് മാണി ഗ്രൂപ്പ്. ഉന്നത സിപിഎം നേതാക്കളിൽ നിന്ന് തന്നെ ഇക്കാര്യത്തിൽ ചില ഉറപ്പുകൾ കിട്ടിയിട്ടുണ്ടെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി കോട്ടയത്ത് ചേർന്ന ഹൈപ്പവർ കമ്മിറ്റി യോഗത്തെ അറിയിച്ചു.
പത്തനംതിട്ട , ചാലക്കുടി, വടകര എന്നീ സീറ്റുകളിൽ ഒന്നാണ് കേരള കോൺഗ്രസ് അധികമായി ലക്ഷ്യമിടുന്നത്. ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് എംഎൽഎമാർ ഉണ്ട് എന്നതാണ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള കാരണം. ക്രൈസ്തവ വോട്ടുകൾക്ക് പ്രാമുഖ്യം ഉള്ള മണ്ഡലം എന്ന നിലയിലാണ് ചാലക്കുടിയിലേക്ക് കേരള കോൺഗ്രസ് എം കണ്ണെറിയുന്നത്. പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളിൽ പ്രധാനിയും മലബാറിൽ നിന്നുള്ള പ്രമുഖ നേതാവുമായ മുഹമ്മദ് ഇക്ബാലിന് വേണ്ടിയാണ് വടകര സീറ്റും മോഹപ്പട്ടികയിലേക്ക് കേരള കോൺഗ്രസ് എം ചേർക്കുന്നത്.