കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം മുറുകുന്നു.അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീങ്ങുകയാണ്. റബ്കോ എം.ഡിക്കും സഹകരണ രജിസ്ട്രാറിലേക്കുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നീളുന്നത്. ഇവർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.വി സുഭാഷാണ് സഹകരണ രജിസ്ട്രാർ. പി.വി ഹരിദാസനാണ് റബ്കോ എം.ഡിയായി പ്രവർത്തിക്കുന്നത്.കരുവന്നൂർ ബാങ്ക്, റബ്കോയിൽ പണം നിക്ഷേപിച്ചിരുന്നു. പ്രതിസന്ധി ഉയർന്ന പശ്ചാത്തലത്തിൽ ഈ നിക്ഷേപം തിരികെ വാങ്ങാനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ബാങ്കിൽ തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയും അന്വേഷണവും നടന്നിരുന്നു.അതിനിടെ കരുവന്നൂർ കേസിൽ കോടതിയൽ ഹാജരാക്കിയ പ്രതികളായ അരവിന്ദാക്ഷനെയും ജിൽസിനെയും വീണ്ടും ഇ.ഡി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡിൽ വിട്ടത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്.