കണ്ണൂർ ലോക്സഭാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര് എന്നാണ് ചര്‍ച്ച. കെപിസിസി ജന. സെക്രട്ടറി കെ. ജയന്തിന് സാധ്യതയേറി. എന്നാൽ മുസ്ലിം പ്രതിനിധി വന്നാൽ മൂന്നിലധികം പേർ പട്ടികയിലുണ്ട്. സിപിഎമ്മാകട്ടെ ലക്ഷ്യമിടുന്നത് യുവാക്കളെ കളത്തിലിറക്കാനാണ്.
സിറ്റിങ് എംപിമാരിൽ മത്സരിക്കാനില്ലാത്ത ഒരേയൊരാളാണ് കെ.സുധാകരൻ. കെപിസിസി അധ്യക്ഷന്‍റെ സിറ്റിങ് സീറ്റിലാകും കോൺഗ്രസ് പട്ടികയിൽ പുതിയ പേരെത്തുക. അതാരായിരിക്കുമെന്നതാണ് നിലവിലെ സസ്പെൻസ്. സാമുദായിക സമവാക്യങ്ങളിലാണ് അതിനുള്ള ഉത്തരം. ആലപ്പുഴയിൽ മുസ്ലിം എങ്കിൽ കണ്ണൂരിൽ ഈഴവ. നേരെ തിരിച്ചും-എന്നതാണ് സാമുദായിക സമവാക്യം. എന്നാൽ ഇവിടെ ആദ്യത്തേതിനാണ് സാധ്യത കൂടുതൽ. അപ്പോഴാണ് കെ. ജയന്തിന് ചാൻസ് ലഭിക്കുക. കെ.സുധാകരൻ നിർദേശിക്കുന്നതും ജയന്തിനെ തന്നെയാണ്.
അതേസമയം, കണ്ണൂരിൽ മുസ്ലിം സ്ഥാനാർത്ഥിയെങ്കിൽ പേരുകളേറെയാണ്. എഐസിസി വക്താവ് ഷമ മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദ്, കെപിസിസി ജന.സെക്രട്ടറി പി.എം.നിയാസ് എന്നിങ്ങനെയാണ് ആ പേരുകൾ. ഷമയും റഷീദും ജയന്തിനെപ്പോലെ മണ്ഡലത്തിൽ സജീവമാണ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിയില്ലെങ്കിൽ സമവാക്യങ്ങളാകെ മാറാമെന്നതാണ് വസ്തുത.