കാഞ്ഞങ്ങാട്: മട്ടന്നൂര്‍ വിമാനതാവളത്തിലെത്തി കസ്റ്റംസ് സംഘത്തെ വെട്ടിച്ച് കാറില്‍ കടത്തുകയായിരുന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവിനെ ഹൊസ്ദുര്‍ഗ് പോലിസ് പിടികൂടി. അബുദാബിയില്‍ നിന്നുമെത്തിയ ചിത്താരി വി.പി റോഡിലെ അസ്‌കര്‍മന്‍സിലില്‍ നിസാറിനെ(36)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും സംഘവുമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പുതിയോട്ടയില്‍ വച്ചാണ് വാഹന പരിശോധനക്കിടെ കെ.എല്‍ 60 കെ.9909 നമ്പര്‍ കാറില്‍ നിന്നും എമര്‍ജന്‍സി ലാമ്പുകളില്‍ ഒളിപ്പിച്ചു വച്ച് കടത്തുകയായിരുന്ന വിപണിയില്‍ 53 ലക്ഷം രൂപ വിലമതിക്കുന്ന 538 ഗ്രാം സ്വര്‍ണം പിടികൂടിയത്. ജില്ലാ പോലിസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ രാത്രികാല പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ യുവാവ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിലിറങ്ങി ചിത്താരിയിലേക്ക് നാട്ടില്‍ നിന്നും എത്തിയ കാറില്‍ വരുന്നതിനിടെ പുതിയ കോട്ടയില്‍ വച്ച് പോലിസ് പരിശോധനയില്‍ ബാഗില്‍ നിന്നും എമര്‍ജന്‍സി ലൈറ്റിന്റെ അകത്തു ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. പോലിസ് സംഘത്തില്‍ എ.എസ്.ഐ ശശിധരന്‍, സിവില്‍ പോലിസ് ഓഫീസര്‍ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരും ഉണ്ടായിരുന്നു.