കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാങ്കിന്റെ മുൻ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതിൽ, ഡോക്ടർമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി ഇന്ന് തീരുമാനമെടുക്കുക.ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ ഇഡിയെ അറിയിച്ചിരുന്നത്. ഭാസുരാംഗൻ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും സൂചനയുണ്ട്. ഭാസുരാംഗന്‍റെ മകൻ അഖിൽജിത്തിൽ നിന്ന് വരും ദിവസങ്ങളിൽ വിശദാംശങ്ങള്‍ ശേഖരിക്കും. അഖിൽ ജിത്തിന്‍റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.
ബുധനാഴ്ച്ച പുലർച്ച അഞ്ചര മണി മുതൽ വിവിധ സ്ഥലങ്ങളിൽ തുടങ്ങിയ റെയ്ഡ് 48 മണിക്കൂർ പൂര്‍ത്തിയായ ശേഷമാണ് അവസാനിച്ചത്. പൂജപ്പുരയിലെ വീട്ടിൽവെച്ചായിരുന്നു ഭാസുരാംഗന്‍റെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനിടെയായിരുന്നു ഭാസുരാംഗന് ദേഹാസ്വാസ്ഥ്യമുണ്ടായത്.