എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ കുറ്റവിമുക്തൻ. കുറ്റപത്രത്തിൽ നിന്ന് പേര് നീക്കം ചെയ്ത് വിചാരണയിൽ നിന്ന് ഒഴിവാക്കണമെന്ന സുധാകരന്‍റെ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിറക്കിയത്. കേസില്‍ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയുടെ സമീപിക്കുമെന്ന് ഇപി ജയരാജൻ പ്രതികരിച്ചു. മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയർന്ന സംഭവത്തിലാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി.