അരുമയായി വളര്‍ത്തിയ 13 കന്നുകാലികള്‍ കണ്‍മുന്നില്‍ ചത്തുവീണതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകനായ ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് ആശ്വസവുമായി നടന്‍ ജയറാം വീട്ടിലെത്തി. നഷ്ടപ്പെട്ട കന്നുകാലികളെ വാങ്ങാനായി 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഒത്തുപിടിച്ചാണ് സഹായം കൈമാറിയത്. നാലിനു നടത്താനിരുന്ന ചിത്രത്തിന്റ ട്രെയ്‌ലര്‍ ലോഞ്ചിങ് പരിപാടി വേണ്ടെന്നുവച്ച് അതിനായി മാറ്റിവച്ച 5 ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറുകയായിരുന്നു.ജയറാം നേരിട്ട് തൊടുപുഴയിലെത്തിലാണ് തുക കൈമാറിയത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.