മൂവാറ്റുപുഴയിൽ സ്വകാര്യ ബാങ്ക് മാനേജരെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്ത് സിസിടിവികളില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബാങ്ക് മാനേജർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
മൂവാറ്റുപുഴ ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലിനെയാണ് ആക്രമിച്ചത്. കണ്ണിൽ മുളക്പൊടി വിതറി ഇരുപത്തി ആറ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് രണ്ടംഗം സംഘം കവർന്നത്. മറ്റൊരു ബാങ്കിൽ നിന്നും ടേക്ക് ഓവർ ചെയ്ത സ്വർണവുമായി ബാങ്കിലേക്ക് പോകുകയായിരുന്നു രാഹുൽ. തൃക്ക ക്ഷേത്രത്തിൽ നിന്നും ചില്ലറ പൈസ കളക്ട് ചെയ്യുന്നതിനായി പോകുമ്പോൾ പുറകെ എത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്. സംഘം രാഹുലിനെ മറികടന്ന് പോയതിനുശേഷം തിരികെയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് രാഹുൽ പറയുന്നത്.
ഹെൽമറ്റ് ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. സംഭവം നടന്ന ഭാഗത്ത് സിസിടിവികളില്ല. ക്ഷേത്ര പരിസരത്ത് സിസിടിവി ഉണ്ടെങ്കിലും ഇവിടേക്കെത്തിയിട്ടില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തി. പ്രതികൾ പോയ ഭാഗത്തുള്ള സിസിടിവകളിൽ നിന്നും ദൃശ്യങ്ങൾ ലഭിക്കുമോയെന്നാണ് പൊലീസിപ്പോൾ പരിശോധിക്കുന്നത്. ഒപ്പം രാഹുലിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യുന്നുമുണ്ട്.