പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ കടുത്ത നിലപാടുമായി ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണർ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. മിനിറ്റുകൾക്കകം മാലദ്വീപ് ഹൈക്കമ്മീഷണർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മടങ്ങി.അതേസമയം വിഷയത്തില്‍ തല്‍ക്കാലം പരസ്യ പ്രസ്താവന വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.