ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മോയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനമാണ് മൊയ്സു നടത്തുന്നത്. ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.