രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടനച്ചടങ്ങിനെതിരെ കെ മുരളീധരന്‍. ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തുന്നുവെന്ന് മുരളീധരന്‍ ആരോപിച്ചു. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.