കുന്നംകുളം ചൊവ്വന്നൂരിൽ ആനയിടഞ്ഞു. പ്രദേശത്തെ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആന ചൊവ്വന്നൂർ വിളക്കും തറക്ക് സമീപത്ത് വച്ച് രാവിലെ എട്ടരയോടെയാണ് ഇടഞ്ഞത്. കടയ്ക്കച്ചാൽ ഗണേശൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. വിളക്കുംതറക്ക് സമീപത്ത് വെച്ച് രണ്ടാം പാപ്പാന് നേരെ ആന ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. ജീവനും കൊണ്ടോടിയ രണ്ടാം പാപ്പാൻ സമീപത്തെ വീട്ടിൽ അഭയം തേടി. ഇതോടെ പാപ്പാൻ കയറിയ വീടിനു മുൻപിൽ ആന ഏറെനേരം നിലയുറപ്പിച്ചു. ഈ സമയത്ത് ആനയുടെ ഒന്നാം പാപ്പാൻ ഇവിടെയുണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് ഒന്നാം പാപ്പാനെ നാട്ടുകാര് സ്ഥലത്തെത്തിച്ചു. ഒന്നാം പാപ്പാനെ കണ്ടതോടെ ആന ശാന്തനാവുകയായിരുന്നു.