കൊച്ചി: അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ കെ.എം. ഷാജിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിജിലന്‍സ് കേസിലെ തുടര്‍ നടപടി ഹൈകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കേസ് അന്വേഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപ്പിച്ചത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അനാവശ്യമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷാജി നല്കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവുണ്ടായത്. 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പ്ലസ് ടു അനുവദിക്കാന്‍ നടപടിക്കായി സ്കൂള്‍ മാനേജരില്‍ നിന്ന് 2014 -15 കാലഘട്ടത്തില്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് കുടുവന്‍ പത്മനാഭന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസുണ്ടായത്. 2017ല്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതി നിജസ്ഥിതി അന്വേഷിക്കാന്‍ വിജിലന്‍സ് എസ്.പിക്ക് കൈമാറിയെങ്കിലും വസ്തുതകളില്ലാത്തതാണെന്ന് കണ്ട് തള്ളിയതാണെന്നായിരുന്നു ഷാജിയുടെ വാദം. വിജിലന്‍സിന്റെ അഡീ. പ്രോസിക്യൂഷന് ഡയറക്ടറില്‍നിന്ന് മറ്റൊരു നിയമോപദേശം വാങ്ങി വിജിലന്‍സ് കേസെടുക്കുകയായിരുന്നു. എന്നാല്‍, ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറില്‍ ഇല്ലെന്ന് ഹൈകോടതി പറഞ്ഞിരുന്നു.
മുസ്ലിം ലീഗ് കമ്മിറ്റിക്കുവേണ്ടി ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ സ്കൂള്‍ മാനേജര്‍ മുസ്ലിം ലീഗിന്റെ പൂതപ്പാറ ശാഖാസമിതിയെ സമീപിച്ചെന്നും സമിതി ഭാരവാഹികള്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് പരാതി. 54 സാക്ഷികളുടെ മൊഴിയും മജിസ്ട്രേറ്റ് മുമ്പാകെ നാല് സാക്ഷികളുടെ രഹസ്യമൊഴിയും ശേഖരിച്ച കേസാണിത്.