ശബരിമലയിലെ തിരക്ക് നിലവിൽ നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകും. തീർഥാടകരെ നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരണം നടത്തും. സന്നിധാനത്തേക്കുള്ള അനധികൃത പാതകൾ കണ്ടെത്തി അടച്ചുവെന്നും, സ്ഥിതി പരിശോധിക്കാൻ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയും അഭിഭാഷക സംഘം വിലയിരുത്തും. വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മണിക്കൂറുകൾ കാത്ത് നിന്നാണ് പലരും ശബരിമലയിലെത്തുന്നത്.