മലപ്പുറം|കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. ഇന്നു രാവിലെ അബുദാബിയിൽ നിന്നെത്തിയ പാലക്കാട് കോണിക്കഴി സ്വദേശി പള്ളത്തുകലം മണികണ്ഠൻ ആണ് ശരീരത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതവുമായി പിടിയിലായത്.
1182 ഗ്രാം സ്വർണമിശ്രിതമാണ് മണികണ്ഠനിൽ നിന്നു കണ്ടെടുത്തത്. ഇതിൽ നിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി നീർച്ചാൽ മുഹമ്മദ് നൂറുദ്ദീനിൽ നിന്നാണു വിദേശ കറൻസി കണ്ടെടുത്തത് എന്നു കസ്റ്റംസ് അറിയിച്ചു. അമേരിക്കൻ ഡോളറും യുഎഇ ദിർഹവും ആണു പിടികൂടിയത്. ഇവ കൈവശമുണ്ടായിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും കസ്റ്റംസ് അറിയിച്ചു.കരിപ്പൂരിൽ തുടർച്ചയായി കസ്റ്റംസ് സ്വർണം പിടികൂടുന്നുണ്ട്.