ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല. എറണാകുളത്ത് ഇന്ന് യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിൽ ഗാനഗന്ധർവ്വന് ജന്മദിനാഘോഷമുണ്ട്. പരിപാടിയിൽ ഓൺലൈനായി യേശുദാസ് പങ്കെടുത്തേക്കും.
റഫി പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അവസരങ്ങൾക്കായുള്ള അലച്ചിലിനൊടുവിൽ ദയ തോന്നി എം ബി ശ്രീനിവാസൻ വച്ചു നീട്ടിയ ഒരു ചെറിയ പാട്ട്. ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റിക്കോർഡ് ചെയ്യപ്പെട്ട 21 കാരന്റെ 4 വരി ഗുരുസ്തോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കം മാത്രം ആയിരുന്നു. 80 വയസ്സിനിടെ എൺപതിനായിരം ഗാനങ്ങൾ. ഒരു ദിവസം 11പാട്ടുകൾ വരെ പാടിയ കാലം. ഇളയരാജ ഒരിക്കൽ പറഞ്ഞു, മോശം പാട്ടുകൾ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന്.