പാപ്പിനിശേരി: ദേശീയപാതയുടെ പ്രവര്‍ത്തി നടത്തുന്ന വിശ്വസമുദ്ര ലിമിറ്റഡ് വ്യാപകമായി പാപ്പിനിശേരി പഞ്ചായത്തിലെ കണ്ടല്‍ക്കാടുകളിലേക്ക് മാലിന്യം തള്ളുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. മലിനജലം ഉള്‍പ്പെടെ ജൈവ അജൈവ മാലിന്യങ്ങള്‍ വന്‍തോതില്‍ കണ്ടല്‍ കാടുകളില്‍ നിക്ഷേപിച്ച നിലയിലാണ് സ്‌ക്വാഡ് കണ്ടത്തിയത്. ഇതോടെ സ്ഥാപനത്തിന് പിഴ ചുമത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനു പുറമേ പാപ്പിനിശേരിയിലെ രാജരാജന്‍ കോംപ്ലക്‌സ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കോപ്ലെക്‌സിനോട് ചേര്‍ന്നുള്ള വെള്ള കെട്ടിലേക്ക് തള്ളുന്നതായും കത്തിക്കുന്നതായും സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോംപ്ലക്‌സ് ഉടമയ്ക്കും കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ബീവറേജ് ഔട്ട്‌ലെറ്റ്,മറ്റു ഷോപ്പുകള്‍ എന്നിവര്‍ക്കെതിരെയും പിഴ ചുമത്താനും നടപടി സ്വീകരിക്കാനും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്‍കി. പാപ്പിനിശേരി കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തില്‍ നിരോധിത ഉത്പന്നമായ 300 മി.ലിറ്റര്‍ കുപ്പിവെള്ളം നല്‍കിയ ചെയ്ത വിവാഹ പാര്‍ട്ടിക്കെതിരെയും നടപടി സ്വീകരിക്കുന്നതിനും ജില്ലാ എന്‍ഫോസ്മെന്റ് സ്‌ക്വാഡ് പഞ്ചായത്തിന് നിര്‍ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ ഏഴ് ദിവസത്തിനകം എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റിന് സമര്‍പ്പിക്കണം ടീം ലീഡര്‍ എം.വി സുമേഷ്, അംഗങ്ങളായ കെ.സിറാജുദ്ധീന്‍, നിതിന്‍ വത്സലന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.