തൃശൂര്‍ : അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയിരുന്ന യുവാവിനെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പാത്രമംഗലം സ്വദേശി തേവര വീട്ടിൽ വിനോദിനെയാണ് എസ്.ഐ ടി.സി അനുരാജും സംഘവും പിടികൂടിയത്.വീടും പരിസരവും കേന്ദ്രീകരിച്ചാണ് വിനോദ് മദ്യ വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിലും ഇയാൾ മദ്യമെത്തിച്ച് നൽകിയിരുന്നു. പല ബീവറേജുകളിൽ നിന്നായി വാങ്ങുന്ന മദ്യം കൂടിയ വില ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. മദ്യം ലൂസായും ബോട്ടിലായും ആവശ്യാനുസരണം നൽകിയിരുന്നു. കൂടുതലും സ്കൂട്ടറിൽ സഞ്ചരിച്ചാണ് വിൽപ്പന നടത്തിയിരുന്നത്. പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്കൂട്ടറിൽ മദ്യവുമായി പോകുന്നതിനിടയിൽ പാത്രമംഗലം സെൻ്ററിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. നാലേകാൽ ലിറ്റർ മദ്യവും പണവും സ്കൂട്ടറിൽ നിന്ന് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. എ.എസ്.ഐമാരായ സി.ഐ ജോബി, കെ.എസ് ഓമന, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.വി സജീവ്, മുഹമ്മദ് ഷെരീഫ്, സിവിൽ പോലീസ് ഓഫീസർമാരായ അജി പനക്കൽ, എ.ബി ഷിഹാബുദ്ധീൻ, ഷാബു, അനിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.