മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിലെ വിജയത്തിന് ശേഷം പ്രതികരിച്ചത്. എന്നാൽ സർക്കാർ രൂപീകരണം അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സർക്കാർ രൂപീകരിക്കുന്നതിൽ ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്‍റേയും നിലപാടുകൾ നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിന്‍റെ മൗനത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്.
വൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ കിങ് മേക്കർ ചന്ദ്രബാബു നായിഡുവും നിർണായക ഉപാധികൾ മുന്നോട്ട് വയ്ക്കുമെന്നത് ബിജെപിയ്ക്ക് സർക്കാർ രൂപീകരണമെന്നത് അത്ര എളുപ്പമാകില്ല. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉൾപ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ വീക്കം. സുപ്രധാന ക്യാബിനറ്റ് പദവികൾ ടിഡിപിക്കും ജനസേനയ്ക്കും ആയി ആവശ്യപ്പെടുമെന്നും എൻഡിഎ കൺവീനർ സ്ഥാനം ഉറപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11.30 ന് ചേരുമെന്നാണ് റിപ്പോർട്ട്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. എൻഡിഎ യോഗത്തിന് ശേഷം പുതിയ സർക്കാരിനുള്ള അവകാശവാദം ഉന്നയിക്കും.
അതേസമയം നിതീഷിനേയും നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യസഖ്യത്തെ നയിക്കുന്ന കോൺഗ്രസും ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.