കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അടുത്ത വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്‍റും നഷ്ടമാകും. കാലിനേറ്റ പരിക്കാണ് മത്സരം നഷ്ടമാകാന്‍ കാരണം.2024 ജൂണിലാണ് ടൂർണമെന്‍റ് നടക്കേണ്ടത്. അടുത്ത വര്‍ഷത്തെ ക്ലബ് സീസണിന് മുന്നോടിയായി മാത്രമേ നെയ്മർക്ക് മൈതാനത്തേക്ക് തിരിച്ചെത്താനാവൂയെന്ന് ബ്രസീലിയന്‍ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ വ്യക്തമാക്കി. ഉറുഗ്വെയ്‌ക്കെതിരെ ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിനിടെ ഒക്ടോബറിലാണ് നെയ്മർക്ക് കാലിന് പരിക്കേറ്റത്. ഇതിന് ശേഷം കളിക്കളത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബ്രസീലിന്‍റെ നിലവിലെ ഏറ്റവും മികച്ച താരം.
അമേരിക്കയാണ് 2024ലെ കോപ്പ അമേരിക്ക ഫുട്ബോളിന് വേദിയാവുന്നത്. കോപ്പ അമേരിക്ക കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ ബ്രസീലിന് അനിവാര്യമായ താരമാണ് നെയ്‌മര്‍ ജൂനിയര്‍. 2023 ഒക്ടോബര്‍ 17 ഉറുഗ്വെയ്‌ക്ക് എതിരായ ഫിഫ ലോകകപ്പ് മത്സരത്തിനിടെ നെയ്‌മറുടെ ഇടത്തേ കാല്‍മുട്ടില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതോടെ ബ്രസീലിന്‍റെ മറ്റ് മത്സരങ്ങളും ക്ലബ് ഫുട്ബോളില്‍ സൗദിയില്‍ അല്‍ ഹിലാലിന്‍റെ മത്സരങ്ങളും സൂപ്പര്‍ താരത്തിന് നഷ്ടമായി.