പറശിനിക്കടവ്: പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കില്‍ വീണ്ടും കൗതുകമായി ബെല്ല എന്നറിയപ്പെടുന്ന വിറ്റേക്കര്‍ മണ്ണൂലിയ്ക്ക് 6 കുഞ്ഞുങ്ങള്‍. ഏകദേശം 14 ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങള്‍ക്ക് 23 സെന്റി മീറ്റര്‍ നീളമുണ്ട്. കുറുകിയ തടിച്ച ശരീരമുള്ള ഇവ അപൂര്‍വമായി ഒരു മീറ്റര്‍ വരെ വളരാറുണ്ട്. തവിട്ട്, ചാര നിറമുള്ള ഇവയുടെ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് ഇരുണ്ട നിറമുള്ള പാടുകള്‍ കാണാറുണ്ട്. മറ്റു പാമ്പുകളില്‍ നിന്നു വ്യത്യസ്തമായി ഇവയുടെ വാല്‍ തടിച്ചതും ഉരുണ്ടതുമാണ്. ചെറിയ എലികളാണ് പ്രധാന ഭക്ഷണം. ശരീരത്തിനുള്ളില്‍ വച്ചു തന്നെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തു വരുന്നവരാണ് മണ്ണൂലികള്‍. മെല്ലെ സഞ്ചരിക്കുന്നവരും ഒതുങ്ങിയ സ്വഭാവക്കാരുമാണ്. പെട്ടെന്ന് ചാടിക്കടിക്കുന്ന സ്വഭാവവുമുണ്ട്. ഇവയ്ക്ക് വിഷമില്ല. പെരുമ്പാമ്പുകളെ പോലെ വരിഞ്ഞു മുറുക്കി ഇരകളെ കൊല്ലുന്നവരാണ് ഇവര്‍.