കണ്ണൂര്‍: യാത്രക്കിടെ നഷ്ടപ്പെട്ടു പോയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മധ്യവയസ്കന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത മുന്‍ സി.ആര്.പി.എഫ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. മയ്യില്‍ വേളം ഉറഡപൊടിക്കുണ്ട് സ്വദേശി യു. കൃഷ്ണനെ (58)യാണ് ടൗണ്‍ സ്റ്റേഷന് പോലിസ് ഇന്‍സ്പെക്ടര്‍ പി.എ ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇയാള്‍ പോലിസ് പിടിയിലായത്. കണ്ണൂര്‍ സിറ്റി നാലുവയല്‍ സ്വദേശി ടി.പി മുസ്തഫ (65) യുടെ കളഞ്ഞു പോയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് പ്രതി പണം കവര്‍ന്നത്. ഇക്കഴിഞ്ഞ ജൂലായ് 22നു ആണ് കണ്ണൂര്‍ താവക്കരയിലേക്കുള്ള യാത്രാമധ്യേ എ.ടി.എം കാര്‍ഡ് നഷ്ടപ്പെട്ടത്. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പരാതി നല്‍കാനായി ബാങ്കില്‍ എത്തുമ്പോഴെക്കും അക്കൗണ്ടില്‍ നിന്നും പലതവണകളായി 45,500 രൂപ പിന്‍വലിച്ചതായി ഫോണില്‍ മെസേജ് വന്നിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. എടിഎമ്മിലെ നിരീക്ഷണ ക്യാമറാ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മയ്യില്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.