സി.എ.എയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കേന്ദ്രസർക്കാർ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ല. പ്രതിപക്ഷ നേതാക്കൾ രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നത്. ഒരു വിഭാഗമോ വ്യക്തിയോ സി.എ.എയെ ഭയപ്പെടേണ്ടതില്ലെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.എന്തുകൊണ്ടാണ് സി.എ.എയെ എതിർക്കുന്നതെന്ന് വിശദീകരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ നമ്മുടെ നിലപാടുകൾ പൊതുസമൂഹത്തിൽ വിശദീകരിക്കേണ്ടതുണ്ട്. സി.എ.എ തന്റെ സർക്കാരിന്റെ തീരുമാനമായതുകൊണ്ട് അത് എങ്ങനെ രാജ്യത്തിന് ഗുണകരമാകുമെന്ന് താൻ വിശദീകരിക്കും. എന്തുകൊണ്ടാണ് എതിർക്കുന്നതെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.