മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗൂഡാലോചനയടക്കം ആറു കേസുകള്‍ സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു. ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപവീതം നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാന സമിതി രൂപീകരിക്കുമെന്നും സമാധാനം പാലിക്കുമെന്ന് മെയ്തികളും കുക്കികളും ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. അതേസമയം സംഘര്‍ഷമുണ്ടാക്കിയവരെ വെറുതേവിടില്ലെന്നും തെറ്റിദ്ധാരണ നീക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്നും മല്‍സര പരീക്ഷകള്‍ മുടങ്ങുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.