കൊച്ചി: അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കേസിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ നടപടി നീളും. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രം നടപടി പാടില്ലെന്ന സർക്കുലറിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം.പുതിയ ഉത്തരവിനെ തുടർന്ന് സുരാജിനെതിരായ പരാതി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷിക്കും. 2023 ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിലിടിച്ച് മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. പാലാരിവട്ടം പൊലീസ് കേസെടുത്ത് മോട്ടോർ വാഹന വകുപ്പിനു കൈമാറുകയായിരുന്നു.ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണം കാണിക്കണമെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടീസ് നൽകിയിട്ടും സുരാജ് പ്രതികരിച്ചിരുന്നില്ല. തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.ഇതിനിടയിലാണ് ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തി ഗതാഗത കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്നാണ് നിര്‍ദേശം.