ദുബായ്: മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന 400 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലുതും കാര്യക്ഷമവുമായ കേന്ദ്രത്തിന്റെ ആദ്യ പ്രവര്‍ത്തനം കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വര്‍സാനില്‍ ഉദ്ഘാടനം ചെയ്തു.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചും പാരിസ്ഥിതിക ആഘാതങ്ങളില്ലാതെയും മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അഞ്ച് ലൈനുകളില്‍ രണ്ടെണ്ണമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
പ്രതിദിനം ഏകദേശം 2,300 ടണ്‍ ഖരമാലിന്യം സ്വീകരിക്കുകയും മണിക്കൂറില്‍ ഏകദേശം 80 മെഗാവാട്ട് ഉത്പാദിപ്പിക്കുകയും ചെയ്യും. രണ്ടാം ഘട്ടം തുറക്കുമ്പോള്‍ മണിക്കൂറില്‍ 220 മെഗാവാട്ട് ഊര്‍ജമായി ഉയരും. പ്രതിദിനം മൊത്തം 5,280 മെഗാവാട്ട് എന്നതാണ് ലക്ഷ്യം.
സംസ്‌കരണത്തിനുള്ള ശേഷി പ്രതിദിനം 5,666 ടണ്‍ ആണ്. പ്രതിവര്‍ഷം ഏകദേശം രണ്ട് ദശലക്ഷം ടണ്‍ മാലിന്യം സംസ്‌കരിച്ച് 1,35,000-ല്‍ അധികം ഭവന യൂണിറ്റുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പുനരുപയോഗ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.