കണ്ണൂര്‍: പാലക്കാട് ഡിവിഷനില്‍ റെയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ആര്.പി.എഫ് ഡി.ഐ.ജി സന്തോഷ് എന്‍. ചന്ദ്രന്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ തീവച്ച എക്സിക്യൂട്ടീവ് ട്രെയിന്‍ ബോഗി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്റെ ബോഗി കത്തിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എലത്തൂര്‍ തീവയ്പിനു ശേഷം പാലക്കാട് ഡിവിഷനില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലോക്കല്‍ പൊലിസ് തന്നെയാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കേസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനായിട്ടില്ല. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ എട്ടാം നമ്പര്പ്ളാറ്റ്ഫോമില് നിര്‍ത്തിയിട്ട കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീ വെച്ച സംഭവം അന്വേഷിക്കുന്നതിനായി കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമെത്തിയിരുന്നു. നിര്‍ത്തിയിട്ട ട്രെയിന്‍ കത്തിച്ച സംഭവം ദേശീയ അന്വേഷണ ഏജന്‍സി വളരെ ഗൗരവകരമായാണ് വീക്ഷിക്കുന്നതെന്നും ഡി.ഐ.ജി പറഞ്ഞു.