കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനിലെ എട്ടാം ട്രാക്കില്‍ കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസിന് തീ വച്ച സംഭവത്തില്‍ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി പുഷന്‍ ജിത്ത് സ്‌നിഗറാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇയാളെ ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് തീവച്ചതെന്ന് പോലിസ് അറിയിച്ചു. അറസ്റ്റിലായ ഇതര സംസ്ഥാനക്കാരന്‍ ഏറെക്കാലമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞു കഴിയുന്നയാളാണ്. റെയില്‍വേ പരിസരത്ത് മാലിന്യം കൂട്ടിയിട്ടു കത്തിച്ചതുമായി ബന്ധപ്പെട്ടു ഇയാളെ മുന്‍പും പോലിസ് പിടികൂടിയിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ഇയാള്‍ പറയുന്നതെന്നാണ് പൊലിസ് നല്‍കുന്ന വിവരം. കത്തിയ ബോഗിയില്‍ നിന്നു ലഭിച്ച ഫിംഗര്‍ പ്രിന്റുകളില്‍ പത്തെണ്ണത്തില്‍ നാലെണ്ണം പ്രതിയുടെതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നാലു തവണ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കിനടുത്തെ കുറ്റിക്കാട്ടു പരിസരത്ത് തീയിട്ടതിന് പൊലിസ് പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ഭിക്ഷാടകനായി ജീവിക്കുന്ന ഇയാള്‍ മാനസിക നില തെറ്റിയ ആളെ പോലെയാണ് പലപ്പോഴും പെരുമാറുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒരിക്കല്‍ ഒഡീഷ സ്വദേശിയാണെന്നു പറഞ്ഞ ഇയാള്‍ പിന്നീട് യുപി ക്കാരനെന്നും മുന്നാമത് ബംഗാളിയാണെന്നുമാണ് പറയുന്നത് എന്നാല്‍ ഇയാള്‍ ബംഗാളിയാണെന്നു തന്നെയാണെന്നാണ് പൊലിസ് സ്ഥിരീകരിച്ചിട്ടുള്ളത്.