30 വര്‍ഷം വളയം പിടിച്ച ബസ് ഡ്രൈവര്‍ ഒടുവില്‍ വിരമിച്ചപ്പോള്‍ ചെയ്ത പ്രവര്‍ത്തികള്‍ ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. ബസിനെ കെട്ടിപ്പിടിച്ച് ചുംബനം നല്കി. അവസാനമായി ഒരിയ്ക്കല്‍ കൂടി ബസ് സ്റ്റാര്‍ട്ട് ചെയ്തു.
ബസിന്റെ ഇരമ്പല്‍ ശബ്ദം ഒരിക്കല്‍ കൂടി കേട്ടു. തുടര്‍ന്ന് ബസ് ഓഫാക്കി. സ്റ്റിയറിംഗിലും ക്ളച്ചിലും ഗിയറിലും ബ്രേക്കിലുമെല്ലാം തൊട്ടു തൊഴുതു. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഫുട് സ്റ്റെപ്പിലും തൊട്ടു തൊഴുതു. ബസിന് മുന്നിലെത്തി കുറച്ചു നേരം നിന്നു. കുട്ടികളെ കെട്ടിപ്പിടിക്കുന്നതു പോലെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അങ്ങനെ കുറേ നേരം നിന്നു.
തമിഴ്നാട് മധുരയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. മധുര ബൈക്കര സ്വദേശി മുത്തുപ്പാണ്ടിയാണ് നിറകണ്ണുകളോടെ ജോലിയില്‍ നിന്നു പിരിഞ്ഞത്.
തനിയ്ക്ക് എല്ലാം നല്‍കിയത് ഈ ബസാണ്.അച്ഛനും അമ്മയ്ക്കും ശേഷം താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് ബസിനെയും ഡ്രൈവിംഗുമാണ്. അതിനു ശേഷമാണ് എനിയ്ക്ക് ഭാര്യയും മക്കളുമെല്ലാമെന്നുമാണ് മുത്തുപ്പാണ്ടിയുടെ പ്രതികരണം. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിനെ മധുര ഡിവിഷനിലെ ഡ്രൈവറാണ് മുത്തുപ്പാണ്ടി.