കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയേക്കും. വടകരയിൽ ഷാഫി പറമ്പിലും ആലപ്പുഴയിൽ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരിൽ കെ സുധാകരൻ തന്നെ മത്സരിക്കുമെന്നാണ് വിവരം.പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ്. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശ്ശൂർ മണ്ഡലത്തിൽ, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടാൻ ഷാഫി പറമ്പിലിനെ ഇറക്കും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ -മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയിൽ കെ സി വേണുഗോപാലെത്തും. സംഘടനാ ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തിൽ അവസാനഘട്ടം വരെ പാർട്ടിയെ കുഴച്ചത്.