കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് നിര്‍ദ്ദേശം നല്‍കി. കേസ് കല്‍പറ്റയില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കേളകവല ചെമ്പക മൂലയില്‍ രാജേന്ദ്രനാണ് ജീവനൊടുക്കിയത്. രാജേന്ദ്രന്റെ പേരില്‍ രണ്ടു വായ്പകളിലായി 46.58 ലക്ഷം തിരിച്ചടക്കാനുണ്ട്. രാജേന്ദ്രനെ കബളിപ്പിച്ച് വായ്പ എടുത്തുവെന്നാണ് ആരോപണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ.കെ. അബ്രഹാമും മുന്‍ ബാങ്ക് സെക്രട്ടറി രമാദേവിയും റിമാന്‍ഡിലാണുള്ളത്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വായ്പകള്‍ അനുവദിച്ചതെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കെ.കെ. അബ്രഹാമിന്റെ വാദം. എന്നാല്‍ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. വായ്പാതട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. യു.ഡി.എഫ്. ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിലാണുള്ളത്.