കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട്. പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. എം വിജിൻ എംഎൽഎയാണെന്ന് മനസിലായ ശേഷവും എസ്ഐ മോശമായി പെരുമാറി. കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതോടെ എസ്ഐക്കെതിരെ നടപടി ഉറപ്പായി. എം വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസിപി അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി.