മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പള്ളിയിൽ സർവ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഹർജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളിൽ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നൽകി. പൊതുതാൽപര്യ ഹർജിയായിട്ടാണ് ഹർജി നൽകിയിരുന്നത്. മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി.
അതേസമയം, ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. സർവേ നടത്താൻ മൂന്നംഗ അഭിഭാഷക കമ്മീഷണർമാരെ നിയമിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്നുള്ള ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ അഭിഭാഷകസംഘം നടത്തിയ സർവേയുടെ മാതൃകയിലുള്ള പരിശോധനയാകും ഷാഹി ഈദ്ഗാഹിലും നടക്കുക.