കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീവച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. തീപ്പിടിത്തത്തിന് തൊട്ടുമുന്‍പ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടര്‍ന്നാണ് ബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. അതിനിടെ, കത്തിനശിച്ച കോച്ചില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് പ്രാഥമിക സൂചന. ട്രെയിനിന് തീയിട്ടതാണെങ്കില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചിട്ടില്ലെന്നാണ് ഇതില്‍നിന്നുള്ള സൂചന. ഈ സാഹചര്യത്തില്‍ ട്രെയിനില്‍ എങ്ങനെ തീപ്പിടിത്തമുണ്ടായി, തീയിട്ടതാണെങ്കില്‍ എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്.
ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. തീപ്പിടിത്തമുണ്ടായ കോച്ചില്‍ വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോച്ചില്‍നിന്ന് മണംപിടിച്ച പോലീസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് ഓടിപ്പോയത്.
എലത്തൂരിലെ ട്രെയിന്‍ തീവെപ്പിന് രണ്ടുമാസം തികയുന്ന വേളയില്‍ അതേ ട്രെയിനില്‍ തന്നെ വീണ്ടും തീപ്പിടിത്തമുണ്ടായത് അടിമുടി ദുരൂഹതയുണര്‍ത്തുന്നതാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ എന്‍.ഐ.ഐ. അന്വേഷണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ തീപ്പിടിത്തവും സംശയത്തിനിടയാക്കുന്നത്.